Wednesday, August 10, 2011

മുക്കുറ്റികള്‍ പിന്നേം പൂത്തപ്പോള്‍.....















വീണ്ടും ഒരോണക്കാലം വന്നിരിക്കുന്നു, ഒരോ വര്‍ഷവും കടന്നുപോകുന്നതിന്റെ വേഗതയളക്കാന്‍ കഴിയാത്തതുകൊണ്ടാവാം ഓണം വീണ്ടും വിരുന്നുവന്നതറിയാന്‍ കഴിയാഞ്ഞത്‌. കഴിഞ്ഞകൊല്ല്ലത്തെ ഓണത്തിനുശേഷം ഒരുകൊല്ലം കഴിഞ്ഞുപോയെന്നത്‌ അവിശ്വസനീയമാണ്‌ എന്തായലും ബസിലിരിക്കുമ്പൊള്‍ റോഡിന്റെ ഇരുവശവും ഹരിതഭംഗിയില്‍ ചിതറികിടക്കുന്ന മുക്കുറ്റിപൂക്കളെ കണ്ടപ്പോളാണ്‌ പ്രകൃതി വീണ്ടും ഋതുമതിയായെന്നും അവള്‍ക്കു പൂത്താലവുമായി വരുന്ന വസന്തത്തെ കുറിച്ചും ചിന്തിച്ചത്‌. മുക്കുറ്റിപൂക്കള്‍ ഭൂമിക്കു മൂക്കുത്തി അണിഞ്ഞപോലെ പൂവിളിയുടെ വരവറിയിച്ചു കൂട്ടം കൂട്ടമായിട്ടാണ്‌ ഒഴിഞ്ഞപാടങ്ങളിലും റോഡിന്റെ വശങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നത്‌. മുക്കുറ്റിയുടെ കൂടെ തന്നെ കൂട്ടുകാരായ മറ്റുപൂക്കളും വിരിഞ്ഞിരിക്കും,അവരാണ്‌ അത്തം മുതല്‍ ഒാരോ പൂക്കളത്തിലും നിറയാന്‍ പോകുന്നത്‌, തുമ്പ, ചെമ്പരത്തി, ഒടിച്ചിറ്റിപൂവ്‌, മാങ്ങാനാറി, ചെഞ്ചിന്‍ റോസ്‌, ശംഖുപുഷ്പം, വാടമല്ലി, കൃഷ്ണകിരീടം, ചെണ്ടുമല്ലി, തെച്ചി, കാശിതുമ്പ, നന്ത്യാര്‍വട്ടം, നാലുമണിപൂവ്‌, മത്തന്റെപൂവ്‌, കുമ്പളത്തിന്റെപൂവ്‌, അങ്ങനെ എത്ര എത്ര പൂക്കളാണ്‌ നമ്മുടെ തൊടിയിലും മുറ്റത്തുമായി ആരുടേം ഉത്തരവില്ലാതെ വളരുന്നത്‌ അല്ലെങ്കില്‍ വളര്‍ന്നിരുന്നത്‌, ചിലപ്പോള്‍ ഇപ്പോഴും ഇവയെല്ലാം പൂത്തുനില്‍ക്കുന്നുണ്ടാകാം നമുക്കു പൂക്കളെ നോക്കാന്‍ സമയം ഇല്ലാത്തതുകൊണ്ടു കാണാത്തതായിരിക്കും.
വീട്ടില്‍ പൂക്കളമിട്ടിട്ടു വര്‍ഷങ്ങാളായിട്ടുണ്ടാകും സ്കൂളുപോണ കാലത്ത്‌,ഇനി ഒരു പെണ്‍കുട്ടി വീട്ടില്‍ വന്നു കേറിട്ടുമതി അമ്മയ്ക്കു ഇപ്പതിനൊന്നും വയ്യ. അന്ന് അമ്മ അത്തത്തിന്റെ രണ്ടുദിവസം മുമ്പുതന്നെ മണ്ണുകുഴച്ചു ചാണകം തേച്ചു പൂവിടാന്‍ തറയുണ്ടാക്കും ഞങ്ങടെ വീട്ടില്‍ത്തെ താരതമ്യേനെ ചെറുതായിരിക്കും തറവാട്ടിലെ തറ വലുതായിരിക്കും. ആദ്യ ദിവസങ്ങളിലെ താല്‍പര്യം ഓണംകഴിയാറകുമ്പോളക്കും വഴിപാടയിമാറും, അമ്മ തറയില്‍ ചാണകം തേക്കറാവുമ്പോഴേക്കും പൂക്കള്‍ ഞങ്ങള്‍ ശേഖരിച്ചിരിക്കും, മിക്കവാറും മുറ്റത്തുള്ളതോ തൊടീലുള്ളതോ വേലിമുന്നോക്ക തന്നെയായിരിക്കും, ചെലപ്പോള്‍ അപ്പൊറത്തവീട്ടിലേക്കും, റോട്ടിലിക്കും, തറവാടിലേക്കും അന്വേഷണം നീളും. തറവാട്ടില്‍ പലതരത്തിലുള്ള ചെമ്പരത്തികളുണ്ടായിരുന്നു അതും വലിയ മരം പോലയാണു നിന്നിരിന്നത്‌, ഞാന്‍ ചില ദിവസങ്ങളില്‍ വൈകുന്നേരം തറവാട്ടുന്നു ചെമ്പരത്തി മൊട്ടുകള്‍ പൊട്ടിച്ചുകൊണ്ടുവന്നിട്ടു ചെടികളുടെ ഇടയില്‍ ഇടും അത്‌ പിറ്റേ ദിവസം വിരിഞ്ഞു പാകമായിരിക്കും, ആരടെ ആവോ ഈ ബുദ്ധി?. രാവിലത്തെ പൂവിടലൊക്കെ കഴിഞ്ഞാല്‍ പിന്നെ കാക്കൊല്ല പരീക്ഷക്കു പൂവാറാവും, സ്കൂളുപോണ വഴിലെ എല്ലാ വീട്ടിലേയും പൂക്കളം ശ്രദ്ധിക്കും, നേരമ്പോക്കിനുവേണ്ടി ഓരോന്നിനും മാര്‍ക്കിടും പരീക്ഷ കഴിഞ്ഞുവരുമ്പൊ മഴേത്തു പൂക്കളങ്ങളോക്കെ നനഞ്ഞു കുതിര്‍ന്നിരിക്കും ചിലര്‌ കുടവെച്ചു സംരക്ഷിച്ചിരിക്കും, അവര്‍ അവരുടെ പ്രയത്നം മഴേത്തു നശിപ്പിക്കാന്‍ ഒരുക്കമല്ല.
ഞങ്ങടെ വീട്ടില്‌ പൂക്കളത്തിന്റെ ഭാഗമാവാന്‍ ഭാഗ്യമല്ലാത്തവരും ഉണ്ടായിരുന്നു റോസു നിറത്തിലുള്ള റൊസും പിന്നെ തെച്ചീം, ഇതു രണ്ടും പൂവിടാന്‍ പൊട്ടിക്കാന്‍ അമ്മ സമ്മതിക്കറില്ല കാരണം ഇവ രണ്ടും മാമന്റോടന്നു കൊടുന്നതാണ്‌, അമ്മ തന്നെയാണു മാമന്റോടത്തെ മുറ്റത്തു അവ വാരസ്യാരുടെ വീട്ടുന്നു കൊടുന്നു കുഴിച്ചിട്ടു വളര്‍ത്തിയുണ്ടാക്കിയത്‌, ഇത്‌ അമ്മ എടക്കിടക്കു പറയാറൂംണ്ട്‌, അതു കൊണ്ടു അവര്‍ രണ്ടുപേരും ശ്രേഷ്ടന്മാരയി അങ്ങനെ നിന്നു.
ചിലകൊല്ലങ്ങളില്‍ പൂവക്കിട്ടിട്ടങ്ങനെ തകര്‍ക്കുമ്പോളായിരിക്കും ഏതേങ്കിലും തള്ളാരുവന്നിട്ട്‌ അമ്മടേടത്തു പറയ്യ്യാ "ഇയ്യ പൂവുടുണ്ടൊ, ഇക്കൊല്ലല്ലെ പടിഞ്ഞാറെ അച്ചാച്ചന്‍ മരിച്ചത്‌" പിന്നേ പിറ്റേസം മുതലാതറ ഒഴിഞ്ഞുകിടക്കും കൊറച്ചൂസം മഴകൊണ്ടിട്ട്‌ അതിന്റെ പണികഴിയും.
തിരുവോണം കഴിഞ്ഞു മാമന്റോടെക്കു പൂവുമ്പൊ അവിടെ കാണാറുള്ളത്‌ അമ്മമ്മ തുളസികൊണ്ടും നാലുമണിപൂവുകൊണ്ടും ഇട്ടപൂക്കളമായിരിക്കും അമ്മമ്മ തറോന്നും ഇണ്ടാക്കറില്ല. മാമന്റോടെ അമ്മ കൊടുന്നുവെച്ചതടക്കം കൊറേ വൈവിധ്യമാര്‍ന്ന പൂക്കളുണ്ടായിരുന്നു മണ്ടകത്തിന്റതീനേം പാമ്പുകാവിന്റതീനേം ചന്തത്തോടെ നിന്നിരുന്ന കൃഷണകിരീടങ്ങള്‍ എന്റെ മനം കവര്‍ന്നിരിന്നു.
മുക്കുറ്റിപൂക്കളെ നിങ്ങള്‍ക്കൊരായിരം നന്ദി വീണ്ടും ഓര്‍മ്മകളുടെ വസന്തതിലേക്കു കൊണ്ടു പോയതിന്‌ ഓണസ്മൃതികളുടെ സുഗന്ധം പരത്തിയതിന്‌.